ചൊവ്വാ പേടകത്തിന് അന്തിമ രൂപരേഖയായി
ശൈഖ് മുഹമ്മദിന്റെ അംഗീകാരം
ദുബായ്: അറബ് മേഖലയുടെ
ശാസ്ത്രക്കുതിപ്പിന്റെ പ്രതീകമായി അണിയറയില്‍ ഒരുങ്ങുന്ന ചൊവ്വാ പേടകത്തിന്
അന്തിമ രൂപരേഖയായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രൂപരേഖയ്ക്ക്
അംഗീകാരം നല്‍കി. 'അമല്‍' (പ്രതീക്ഷ) പേടകത്തെ 2021ലെ ദേശീയദിനാഘോഷവേളയില്‍
ചൊവ്വയിലെത്തിക്കാനാണ് യു.എ.ഇ. പദ്ധതിയിടുന്നത്.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ നടന്ന ചടങ്ങില്‍,
യു.എ.ഇ.യുടെ കൃത്രിമോപഗ്രഹ നിര്‍മാണ സമുച്ചയത്തിന്റെ രണ്ടാംഘട്ടത്തിനും
ശൈഖ് മുഹമ്മദ് അനുമതി നല്‍കി. വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച്
ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കേന്ദ്രമാണിത്. ഉപഗ്രഹ
നിര്‍മാണകേന്ദ്രത്തില്‍ നിര്‍മിച്ച ഉപഗ്രഹം 'ഖലീഫ സാറ്റി'ന്റെ അവസാനഘട്ട
നിര്‍മാണത്തിനുള്ള ആദ്യഭാഗം ഘടിപ്പിക്കുന്ന കര്‍മവും ശൈഖ് മുഹമ്മദ്
നിര്‍വഹിച്ചു.
യു.എ.ഇ.യുടെ ശാസ്ത്രക്കുതിപ്പിന്റെ പ്രതീകമാണ് അമല്‍ പേടകമെന്ന് ശൈഖ്
മുഹമ്മദ് പ്രസ്താവിച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ വാനോളം
ഉയര്‍ന്നിരിക്കുകയാണ്. അറബ്, ഇസ്ലാമിക ലോകത്തുതന്നെ ഇത്തരമൊരു ചുവടുവെപ്പ്
ഇതാദ്യമായാണ്. മാനവികസേവനത്തിന് ഏറെ സംഭാവന നല്‍കുന്ന ഒരു
മുന്നേറ്റമായിരിക്കുമിത് - അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇമാറാത്തി എന്‍ജിനീയര്‍മാര്‍ ആദ്യമായി രൂപകല്പന ചെയ്യുന്ന ഉപഗ്രഹമെന്ന
നിലയ്ക്ക് ഖലീഫ സാറ്റ് ഏറെ അഭിമാനകരമായ നേട്ടമാണ്. ഉപഗ്രഹങ്ങള്‍
വികസിപ്പിച്ചെടുക്കുന്ന കാര്യത്തില്‍ രാജ്യം ഇന്ന് സ്വയംപര്യാപ്തമാണ്.
2018ല്‍ ആണ് ഖലീഫ സാറ്റ് വിക്ഷേപണം ചെയ്യുക. ഉയര്‍ന്ന ആവര്‍ത്തിയുള്ള
ക്യാമറയായിരിക്കും ഉപഗ്രഹത്തിന്റെ സവിശേഷത.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഈ
ക്യാമറയയ്ക്ക് കഴിയും. അമല്‍ പേടകം പ്രധാനമായും പരിശോധിക്കുക ചൊവ്വയിലെ
അന്തരീക്ഷവും കാലാവസ്ഥയുമായിരിക്കും. 2021 പാതിയോടെ വിക്ഷേപിക്കുന്ന പേടകം
60 കോടി മൈല്‍ സഞ്ചരിച്ച് വര്‍ഷാവസാനത്തോടെ ലക്ഷ്യസ്ഥാനത്തെത്തുന്ന
രീതിയിലാണ് പദ്ധതി പുരോഗമിക്കുന്നത്. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന
ഇമാറാത്തി എന്‍ജിനീയര്‍മാരില്‍ ഏറെയും യുവാക്കളാണ്. ഇവരില്‍തന്നെ
സ്ത്രീകളുടെ പങ്കാളിത്തം 40 ശതമാനമാണ്.
No comments:
Post a Comment