ദുബായ്: വ്യോമപാതയിലേക്കുള്ള ഡ്രോണുകളുടെ കടന്നുകയറ്റം വിമാനസര്‍വീസുകളെയാകെ തകിടംമറിക്കുന്നതായി എമിറേറ്റ്‌സ്. കോടിക്കണക്കിന് ദിര്‍ഹമിന്റെ നഷ്ടത്തിന് പുറമെ, യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും ഏറെ ഗൗരവമേറിയതാണ്. അനധികൃത ഡ്രോണ്‍ പറത്തലിനെതിരെ അധികൃതര്‍ കര്‍ശനനടപടിയെടുക്കണമെന്ന് എമിറേറ്റ്‌സ് സി.ഒ.ഒ. ആദില്‍ അല്‍ റിദ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഡ്രോണുകളുടെ കടന്നുകയറ്റം മൂലം, ജൂണ്‍മുതല്‍ മൂന്നുതവണ ദുബായ് അന്താരാഷ്ട്രവിമാനത്താവളം അടച്ചിടേണ്ടി വന്നു. ഓരോതവണയും സാരമായ നഷ്ടങ്ങളാണ് വിമാനത്താവളത്തിനും വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകുന്നത്. ജൂണില്‍ ഒരുമണിക്കൂറിലധികം നേരവും സപ്തംബറില്‍ അരമണിക്കൂറിലധികം നേരവുമാണ് വിമാനത്താവളം അടച്ചിട്ടത്. ശനിയാഴ്ച 80 മിനുറ്റോളം അടച്ചിട്ടു. ഇതേത്തുടര്‍ന്ന് എമിറേറ്റ്‌സിന്റേതടക്കം നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

നിരവധി സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഓരോവിമാനങ്ങളുടെയും ലാന്റിങ് വൈകിപ്പിക്കുന്നതും വഴിതിരിച്ചുവിടുന്നതും, കണക്ഷന്‍ യാത്രക്കാര്‍ക്ക് വിവിധഹബ്ബുകളില്‍ പുതിയകണക്ഷന്‍ വിമാനങ്ങള്‍ തരപ്പെടുത്തുകയുമൊക്കെ ചെയ്യുന്നത് ഏറെസങ്കീര്‍ണ്ണമായ ജോലിയാണെന്ന് ആദില്‍ അല്‍ റിദ ചൂണ്ടിക്കാട്ടി. വിവിധകേന്ദ്രങ്ങളിലായുള്ള എമിറേറ്റ്‌സിന്റെ 5,000 യാത്രക്കാരെ ഇത് സാരമായി ബാധിച്ചു. സര്‍വീസുകള്‍ ഒന്നൊന്നായി വൈകുന്നതിനെ തുടര്‍ന്ന് ശൃംഖലയിലെ സമയക്രമങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ഏറെസമയമെടുക്കും.
 
സാമ്പത്തികനഷ്ടത്തേക്കാള്‍ ഗൗരവമേറിയതാണ് യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍. വിമാനത്താവളം തുറക്കുന്നതോടെ വ്യോമപാതയില്‍ തിരക്കേറുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സുരക്ഷാഭീഷണിയുണ്ടാകുന്ന സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടുകയാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.