Wednesday, 24 August 2016

ഒമാന്‍ കടലില്‍ ജെല്ലിഫിഷ് ഭീഷണിയും

മസ്കത്ത്: കടലില്‍ നീന്തുന്നവര്‍ക്കും ഉല്ലസിക്കുന്നവര്‍ക്കും ഭീഷണിയായി ജെല്ലിഫിഷുകളും. ഏറെ അപകടകാരികളായ ഈ മത്സ്യങ്ങളെ റാസ് അല്‍ ഹംറ പി.ഡി.ഒ ബീച്ചിലാണ് കണ്ടത്തെിയത്. ഇതോടെ ഒമാന്‍ കടലില്‍ നീന്താനും ഉല്ലസിക്കാനുമത്തെുന്നവര്‍ക്കുളള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അധികൃതര്‍ നീക്കമാരംഭിച്ചു. 

കഴിഞ്ഞദിവസം അല്‍ റാസ് അല്‍ ഹംറ കടലില്‍ നീന്താനത്തെിയ ഒരു വിദേശിയെ ജെല്ലി ഫിഷ് അപകടപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒമാന്‍ തീരത്ത് ജെല്ലി ഫിഷിന്‍െറ സാന്നിധ്യം ശ്രദ്ധയില്‍പെട്ടത്.  കടലില്‍ നീന്തുകയായിരുന്ന വിദേശിയുടെ രണ്ട് കൈകളിലും പൊടുന്നനെ ജെല്ലിഫിഷിന്‍െറ കൊമ്പുകള്‍ സ്പര്‍ശിച്ചു. വൈദ്യുതി ആഘാതമേറ്റപോലെയുള്ള അനുഭവമായിരുന്നു തനിക്കെന്ന് വിദേശി പറയുന്നു. നല്ല വേദന അനുഭവപ്പെട്ടതിനാല്‍ ഉടന്‍ വെള്ളത്തില്‍നിന്ന് കരയില്‍ കയറി. അപ്പോഴേക്കും രണ്ടു കൈകളും പൊള്ളലേറ്റ പോലെയായിരുന്നു. 

ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടുകയായിരുന്നു. ജെല്ലിഫിഷുകള്‍ പലപ്പോഴായി  കൂട്ടമായി തീരത്ത് എത്തുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നതായാണ് റാസല്‍ ഹംറ നിവാസികളുടെ അഭിപ്രായം. അതിനാല്‍, ഇതുവരെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല. 

ആദ്യമായാണ് ജെല്ലിഫിഷിന്‍െറ ആക്രമണ സ്വഭാവം പുറത്തുവന്നത്.  ഈ മേഖലയില്‍ കുളിക്കാനിറങ്ങുന്ന വിനോദ സഞ്ചാരികള്‍ക്ക് ജെല്ലിഫിഷ് ഉയര്‍ത്തുന്ന അപകടത്തെ കുറിച്ച് ബോധവത്കരിക്കാന്‍ മഞ്ഞ കൊടികള്‍ സഹായിക്കും. 

ഏറെ അപകടകാരികളാണ് ജെല്ലിഫിഷുകള്‍. ഒരു തരം വിഷമാണ് ഇത് പുറത്തുവിടുന്നത്. ഇതേല്‍ക്കുന്നവര്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്. ചിലപ്പോള്‍ ജീവഹാനിക്ക് വരെ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മൂന്ന് മുതല്‍ ആറുമാസം വരെയാണ് ഇവയുടെ ജീവിതകാലാവധി. ഇവ കൂടുതല്‍ ഉണ്ടാവുന്നത് കടലിലെ മറ്റു ജീവജാലങ്ങള്‍ക്കും അപകടമുണ്ടാക്കുന്നുണ്ട്. എന്നാല്‍, എല്ലാ ജെല്ലിഫിഷുകളും അപകടകാരികളല്ല. കടലില്‍ മാലിന്യം അധികരിക്കുന്നതാണ് ജെല്ലിഫിഷിന്‍െറ വളര്‍ച്ചക്ക് സഹായകമാവുന്നത്. 

കടല്‍ പരിസ്ഥിതിക്ക് ഹാനിയുണ്ടാക്കുന്ന മറ്റു ഘടകങ്ങളും ജെല്ലിഫിഷുകള്‍ വര്‍ധിക്കാന്‍ കാരണമാക്കുന്നുണ്ട്. ചില ജെല്ലിഫിഷുകള്‍ക്ക് മീന്‍പിടിത്ത വലകള്‍ പൊട്ടിക്കാന്‍ കഴിയും. മീന്‍പിടിത്തക്കാര്‍ക്കും ഇവ ഭീഷണിയാണ്. ജെല്ലിഫിഷ് സാന്നിധ്യമുള്ള വെള്ളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ശരിയായ നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗവും ഇപ്പോഴാണ് വിഷയത്തില്‍ ബോധവാന്മാരാവുന്നത്. ജെല്ലിഫിഷ് സാന്നിധ്യമുള്ള ബീച്ചുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളുമായി മുമ്പോട്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. 

No comments:

Post a Comment