അബുദാബിയിൽ ഒരു വിഭാഗം ടാക്സി ഡ്രൈവർമാർ പണിമുടക്കി
അബുദാബി:-
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അബുദാബിയിലെ ഒരു വിഭാഗം ടാക്സി ഡ്രൈവര്‍മാർ
ഇന്ന്(ഞായർ) ജോലിയില്‍നിന്ന് വിട്ടു നിന്നു. സ്വകാര്യ ടാക്സി കമ്പനിയുടെ
1500ഓളം ഡ്രൈവര്‍മാരാണ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്.
ജീവനക്കാരുടെ ആവശ്യങ്ങൾ കമ്പനി പാലിക്കാത്തതിനാലാണ് ജോലിയില്‍നിന്ന്
വിട്ടുനിൽക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
അനാവശ്യ പിഴ ഒഴിവാക്കുക, അടിയന്തര ഘട്ടങ്ങളില്‍ മണിക്കൂറുകള്‍ക്കകം
പാസ്പോര്‍ട്ട് ലഭ്യമാക്കുക, വാരാന്ത്യ അവധി അനുവദിക്കുക, അടിസ്ഥാന ശമ്പളം,
കുറഞ്ഞത് 30 ശതമാനം കമ്മീഷന്‍ നല്‍കുക, നാട്ടിലേക്കുള്ള ടിക്കറ്റ്,
മാന്യമായ പെരുമാറ്റം തുടങ്ങി 13 ആവശ്യങ്ങളാണ് ജീവനക്കാര്‍
മുന്നോട്ടുവയ്ക്കുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കുന്നതുവരെ ജോലിക്ക്
ഹാജരാകില്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്.
പണിമുടക്കിയ ഡ്രൈവര്‍മാരില്‍ മുക്കാല്‍ ഭാഗവും ഇന്ത്യക്കാരാണ്. രാവിലെ
മുതല്‍ ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കമ്പനിയിലെ മുതിര്‍ന്ന
ഉദ്യോഗസ്ഥര്‍ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഉടന്‍ ജോലിക്ക്
ഹാജരായില്ലെങ്കില്‍ വീസ റദ്ദാക്കി നാട്ടിലേക്ക് അയക്കുമെന്നാണ് അധികൃതര്‍
അറിയിച്ചതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
വാർത്ത:സിബി കടവിൽ
No comments:
Post a Comment