ദുബായ് അല്‍ഖൂസ് അല്ഖേല് ഗെയ്റ്റിൽ പൊട്ടിത്തെറി; രണ്ട് ഇന്ത്യക്കാര്‍ക്ക് പൊള്ളലേറ്റു
അല്‍ഖൂസ് അല്ഖേല് ഗെയ്റ്റിലെ പാര്‍പ്പിട സമുച്ചയത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഇന്ത്യക്കാരായ യുവതിക്കും കുട്ടിക്കും ഗുരുതര പരുക്കേറ്റു.ഫേസ് ഒന്നിലെ 39-ആം കെട്ടിടത്തിൽ അഞ്ചാം നിലയിലെ അപാർട്മെൻ്റിൽ ഇന്ന്(ബുധൻ) രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഉഗ്രശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയിൽ ഫ്ളാറ്റിന്റെ ചുമരുകള്‍ തകർന്നു. ഫ്ലാറ്റിലുണ്ടായിരുന്ന കുടുംബത്തിനാണ് പരുക്കേറ്റത്. ഉടൻ സ്ഥലത്തെത്തിയ പൊലീസും സിവിൽഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തി ലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച റിപോർട്ട്.

കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു യുവതിയും കുട്ടിയുമെന്ന് ദുബായ് പൊലീസ് സേർച്ച് ആൻഡ് റെസ്ക്യു വിഭാഗം ഡെപ്യുട്ടി ഡയറക്ടർ ലഫ്.കേണൽ അഹമ്മദ് ബുർഖിബ പറഞ്ഞു. അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് ഇവരെ പുറത്തെടുത്തത്. വൻ ശബ്ദം കേട്ട് ഞെട്ടിവിറച്ച തങ്ങൾ ഉടൻ കെട്ടിത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്ന് ഇതേ കെട്ടിടത്തിലെയും സമീപത്തുള്ളവയിലെയും താമസക്കാർ പറഞ്ഞു. പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മലയാളികളടക്കം ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിട സമുച്ചയമാണ് അൽ ഖായിൽ ഗെയ്റ്റ്.
No comments:
Post a Comment