Wednesday, 24 August 2016

വൈദ്യുതാവശ്യത്തിന് ആണവോര്‍ജം പദ്ധതിയില്‍നിന്ന് കുവൈത്ത്  പിന്മാറുന്നു

കുവൈത്ത് സിറ്റി: ചെലവേറിയതും അപ്രായോഗികവും ആണെന്ന് വിലയിരുത്തി കുവൈത്ത് വൈദ്യുതാവശ്യത്തിനായുള്ള ആണവോര്‍ജ പദ്ധതിയില്‍നിന്ന് കുവൈത്ത് പിന്മാറുന്നു.  പകരം വിന്‍ഡ് മില്ലുകളും സോളാര്‍ പ്ളാന്‍റുകളും സ്ഥാപിക്കാനാണ് തീരുമാനം. രാജ്യത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാനായി ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്ന് നേരത്തേ ജല, വൈദ്യുതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 
ഇതിനായി ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള  അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ അനുമതി തേടുകയും ചെയ്തിരുന്നു. 

എന്നാല്‍, ഇതുസംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ചെലവേറിയതും അപ്രായോഗികവുമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ താരതമ്യേന ചെലവുകുറഞ്ഞ മറ്റു ഊര്‍ജസ്രോതസ്സുകള്‍ അവലംബിക്കാന്‍ പഠനസമിതി ശിപാര്‍ശ ചെയ്തിരുന്നു. 

വിന്‍ഡ് മില്‍, സോളാര്‍ പ്ളാന്‍റുകള്‍ എന്നീ ബദല്‍ മാര്‍ഗങ്ങള്‍ക്കാണ് അധികൃതര്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്ത സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. നിലവില്‍ ജി.സി.സി രാജ്യങ്ങളില്‍ സൗദിയും യു.എ.ഇയുമാണ് ആണവോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നത്. 

No comments:

Post a Comment