ഷാർജയിൽ വരുന്നു 32,000 പാർക്കിങ് സ്ഥലങ്ങൾ...
ഷാർജ∙കൂടുതൽ പാർക്കിങ് സ്ഥലങ്ങൾകൂടി വരുന്നതോടെ ഷാർജ മുനിസിപ്പാലിറ്റിയിൽ പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം 32,000 ആകും. അടുത്തവർഷം നാലായിരം പാർക്കിങ് സ്ഥലങ്ങൾകൂടി കൂട്ടിച്ചേർക്കുന്നത് ഉൾപ്പെടെയാണിത്. നിലവിലുള്ള കച്ചപാർക്കിങ് സ്ഥലങ്ങളിൽകൂടി മീറ്ററുകൾ സ്ഥാപിക്കുന്നതു കൂടാതെ, പുതിയ പാർക്കിങ് മേഖലകളും നിർമിക്കുന്നുണ്ട്. ഉൾറോഡുകളിലാണു പുതിയ പാർക്കിങ് കേന്ദ്രങ്ങൾ കൂടുതലായി സ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അൽ മജാസ്–2, അൽ മജാസ്–3, അൽ സൂർ, അൽ മജ്റാഫ, അൽ മജാറ, ഉം അൽ തർഫാനാ, അൽ ജുബൈൽ എന്നീ സ്ഥലങ്ങളിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുമെന്നു മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിങ് ഡയറക്ടർ അതിഫ് അൽ സറൂണി പറഞ്ഞു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് മേഖലകൾ പെയ്ഡ് പാർക്കിങ് സ്ഥലങ്ങളായി മുനിസിപ്പാലിറ്റി മാറ്റും. കഴിഞ്ഞ വർഷം 1570 സൗജന്യ പാർക്കിങ് സ്ഥലങ്ങൾ പെയ്ഡ് പാർക്കിങ് മേഖലയായി മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.
ഈ വർഷം ആദ്യ എട്ടുമാസങ്ങളിലായി 206,760 പാർക്കിങ് പിഴകൾ ഈടാക്കി. ഇതിൽ 82,325 പേർക്ക് പിഴ ഈടാക്കിയത് പാർക്കിങ് ഫീസ് നൽകാത്തതിനാലാണ്. 67,058 പേർക്ക് പാർക്കിങ് സമയം കഴിഞ്ഞതിനാലാണു പിഴ. തെറ്റായ പാർക്കിങ്ങിന് 56,122 പേർക്കാണ് പിഴ ഏർപ്പെടുത്തിയത്. ഇൻസ്പെക്ടർമാരും ഡ്രൈവർമാരും തമ്മിലുള്ള വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് കഴിഞ്ഞ എട്ടുമാസത്തിനിടെ 1364 പരാതികളാണു ലഭിച്ചത്.
ചിലർ ഇൻസ്പെക്ടർമാരോട് അസഭ്യം പറഞ്ഞപ്പോൾ ചിലർ കയ്യേറ്റത്തിനും മുതിർന്നു. ഇത്തരം സംഭവങ്ങൾ ഉടൻതന്നെ പൊലീസിൽ അറിയിച്ചു. എന്നാൽ ഉപഭോക്താവിനോട് ഇൻസ്പെക്ടർ മോശമായി പെരുമാറുന്നതായി കണ്ടെത്തിയാൽ വകുപ്പുതല സംവിധാനത്തിലൂടെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാർക്കിങ് ഫീസ് നൽകാം എസ്എംഎസ് വഴി
പാർക്കിങ് ഫീസ് എസ്എംഎസ് വഴി നൽകുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 5566 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് പാർക്കിങ് ഫീസ് നൽകുന്നവരുടെ എണ്ണം 32% ആയി. ഷാർജയിൽ ഒരുമണിക്കൂറിന് രണ്ടുദിർഹമാണ് പാർക്കിങ് ഫീസ്. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും അഞ്ചുമുതൽ പത്തുവരെയുമാണു പാർക്കിങ് ഫീസ് നൽകേണ്ടത്. വെള്ളി ഉൾപ്പെടെ പൊതു അവധി ദിനങ്ങളിൽ പാർക്കിങ് ഫീസ് നൽകേണ്ടതില്ല.
No comments:
Post a Comment