പാചകവാതകത്തിന് ദൗര്‍ലഭ്യം: ലോഹ സിലിണ്ടറുകള്‍ ലഭ്യമല്ലെന്ന് ഉപഭോക്താക്കള്‍
ദോഹ: പാചകവാതകത്തിന്റെ ദൗര്‍ലഭ്യം രാജ്യത്തെ താമസക്കാരെ ദുരിതത്തിലാക്കുന്നു. ഈദ് ദിനങ്ങളില്‍ പാചകവാതകത്തിന്റെ ലഭ്യത കുറവാണെന്ന് നിരവധി ചെറുകിടവ്യാപാരികളും ഉപഭോക്താക്കളും പരാതിപ്പെടുന്നു. രാജ്യത്ത് ആഭ്യന്തരഉപയോഗത്തിനുള്ള പാചകവാതകം വിതരണം ചെയ്യുന്നത് വുകൂദ് ആണ്. വുകൂദിന്റെ ലോഹ സിലിണ്ടറും ഷഫാഫ് സിലിണ്ടറും വിപണിയില്‍ വേണ്ടത്ര ലഭ്യമല്ലെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.
ഏതാനും ദിവസങ്ങളായി ലോഹ സിലിണ്ടറുകള്‍ വിപണിയില്‍ ലഭ്യമാകുന്നില്ല. ഒട്ടുമിക്ക ചെറുകിട വില്‍പ്പന ശാലകളിലും ഷഫാഫ് സിലിണ്ടറുകളും ലഭ്യമല്ല. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ലോഹ സിലിണ്ടറുമായി അല്‍ മന്‍സൂറയിലെ താമസക്കാരന്‍ കടകള്‍ കയറിയിറങ്ങുകയാണ്. ലോഹസിലിണ്ടര്‍ മാറ്റി പകരം ഷഫാഫ് സിലിണ്ടര്‍ വാങ്ങാനായി തിരക്കിയിട്ട് അതും ലഭ്യമല്ലെന്ന് താമസക്കാരന്‍ വെളിപ്പെടുത്തി.
ഈദിന്റെ ആദ്യദിനംതന്നെ രാജ്യത്തെ അംഗീകൃത ഷഫാഫ് സിലിണ്ടര്‍ വിതരണകടകളിലും സിലിണ്ടര്‍ പൂര്‍ണമായും വിറ്റുപോയെന്നാണ് വിവരം. ഷഫാഫ് സിലിണ്ടര്‍ അന്വേഷിച്ച് നിരവധിപേര്‍ തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വിളിക്കുന്നുണ്ടെന്ന് സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി ലോഹ സിലിണ്ടറിന്റെ വിതരണവും നിന്നതായി മാനേജര്‍ വ്യക്തമാക്കി. സിദ്ര സ്റ്റോറുകളിലും ലോഹ സിലിണ്ടറുകള്‍ ലഭ്യമല്ല.
അതേസമയം വിപണിയില്‍ ലോഹ സിലിണ്ടറുകള്‍ക്ക് പകരമായി ഷഫാഫ് സിലിണ്ടറുകള്‍ മാത്രമാക്കുന്നതിന്റെ ഭാഗമായി പുതിയ ലോഹ സിലിണ്ടറുകളുടെ വിതരണം നിര്‍ത്തിയതായി വുകൂദ് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ നിന്നും ലോഹ സിലിണ്ടറുകള്‍ പൂര്‍ണമായും പിന്‍വലിക്കും. ഷഫാഫ് സിലിണ്ടറുകള്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് സൂചന.
No comments:
Post a Comment