ബീച്ചിൽ രക്ഷയ്ക്ക് ഇനി റോബട്ട്
റോബട്ടുമായി ബീച്ചിലേക്കു പോകുന്ന ലൈഫ് ഗാർഡ്...
ദുബായ്:ബീച്ചുകളിൽ രക്ഷാപ്രവർത്തനത്തിനു റോബട്ടുകളെ രംഗത്തിറക്കുന്നു. ബീച്ചുകളിൽ കുറ്റമറ്റ സുരക്ഷാസംവിധാനം ഒരുക്കാനുള്ള മുനിസിപ്പാലിറ്റി നടപടികളുടെ ഭാഗമായാണിത്. മധ്യപൂർവദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം. ആളുകൾ മുങ്ങിത്താഴുമ്പോഴും ബോട്ട്, ജെറ്റ് സ്‌കീ അപകടങ്ങളിലും റോബട്ടുകളെ മികച്ചരീതിയിൽ ഉപയോഗപ്പെടുത്താം.
ലൈഫ് ഗാർഡുകൾക്ക് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ റോബട്ടുകൾ സഹായകമാകും. റിമോട്ട് കൺട്രോൾ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന റോബട്ടിന് മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ കുതിക്കാനാകും.
അതായത് മനുഷ്യരെക്കാൾ 12 മടങ്ങ് വേഗം. 125 സെന്റീമീറ്റർ ഉയരവും 11 കിലോ ഭാരവുമുള്ള റോബട്ടിന് 130 കിലോമീറ്ററിലേറെ നീങ്ങാൻ കഴിയും. വെള്ളത്തിലൂടെ അതിവേഗം നീങ്ങാൻ ഇലക്‌ട്രോണിക് പമ്പുകളും മറ്റും ഘടിപ്പിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്‌ധമാണെങ്കിലും രക്ഷാപ്രവർത്തനം നടത്താനാകുമെന്നതാണ് മറ്റൊരു നേട്ടം.
ശക്‌തമായ തിരമാലകളെ അതിജീവിച്ചു കുതിക്കാൻ കഴിയും. ഒരേസമയം നാലഞ്ചുപേരെ രക്ഷിക്കാൻ കഴിയുമെന്നതും റോബട്ടുകളുടെ സാധ്യതകൾ വർധിപ്പിക്കുന്നു.
വീണ്ടും ചാർജ് ചെയ്യാവുന്ന ബാറ്ററികൾ ഉപയോഗിച്ചാണിതു പ്രവർത്തിക്കുക. ബാറ്ററി ഒരുതവണ പൂർണമായും ചാർജ് ചെയ്‌താൽ 30ലേറെ തവണ രക്ഷാപ്രവർത്തനം നടത്താം. റീച്ചാർജ് ചെയ്യാൻ 45 മുതൽ 90 മിനിറ്റുവരെ മതി.
പൊതുജനസുരക്ഷ മുൻനിർത്തി നൂതന സംവിധാനങ്ങൾ ഒരുക്കിവരികയാണെന്ന് പരിസ്‌ഥിതി വിഭാഗം ഡയറക്‌ടർ ആലിയ അൽ ഹർമൂദി പറഞ്ഞു. കൂടുതലാളുകൾ എത്തുന്ന ബീച്ചുകളിൽ അതിവേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ റോബട്ടുകൾക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി.
No comments:
Post a Comment