മധുരമുള്ള ഓണപ്പാട്ടുമായി മധുരിമ മലയാളികളുടെ ഹൃദയം കീഴടക്കുന്നു...
ദുബായ്∙ മധുരമൂറുന്ന ഓണപ്പാട്ടുമായി മലയാളി വിദ്യാർഥിനി മലയാളികളുടെ ഹൃദയം കീഴടക്കുന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശി പി.യു.പ്രകാശ്–വീണ ദമ്പതികളുടെ മകളും ദുബായ് ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പതിനൊന്നാം തരം വിദ്യാർഥിനിയുമായ മധുരിമ പ്രകാശാണ് ഇമ്പമാർന്ന ആലാപനവുമായി ആസ്വാദകർക്ക് പ്രിയങ്കരിയാകുന്നത്. ചെല്ലച്ചെറു കിളിയേ നീ, പാടത്തേക്കൊന്നു വരൂ... എന്നു തുടങ്ങുന്ന ഈ ലളിത ഗാനത്തിൻ്റെ വീഡിയോ ആൽബം ഓണത്തോടനുബന്ധിച്ചാണ് പുറത്തിറങ്ങിയത്.
സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും ഇതിനകം ആയിരക്കണക്കിന് പേർ പാട്ട് ആസ്വദിച്ചു കഴിഞ്ഞു.പ്രശസ്ത കവയിത്രി ബി.സീതാലക്ഷ്മിയമ്മയുടെ മലയാളിത്തം തുടിച്ചു നിൽക്കുന്ന വരികൾക്ക് ഒ.കെ.രവിശങ്കറാണ് മധുരം കിനിയുന്ന സംഗീതം നൽകിയിരിക്കുന്നത്. ചലച്ചിത്ര പിന്നണിഗായകരായ മധു ബാലകൃഷ്ണൻ, വൈക്കം വിജയലക്ഷ്മി, കല്ലറ ഗോപൻ, കാവാലം ശ്രീകുമാർ, ജി.ശ്രീറാം തുടങ്ങിയവർ ആലപിച്ച ഗാനങ്ങളടങ്ങിയ സ്നേഹഗീതികൾ എന്ന ആല്‍ബത്തിലെ മധുരിമയുടെ ഗാനം സംഗീത സംവിധായകൻ തന്നെ ദൃശ്യവത്കരിക്കുകയായിരുന്നു.
പയ്യന്നൂരിലെ കാനായിയുടെയും പരിസരപ്രദേശങ്ങളിലെയും ഹരിതാഭമായ നെൽവയലുകളുടെയും തെങ്ങിൻ തോപ്പുകളുടെയും പുഴയോരത്തിന്റെയും മുഗ്ധ സൗന്ദര്യം ഒപ്പിയെടുത്ത ഷിജിത് കണ്ടോത്ത്, സന്തോഷ് എന്നിവരുടെ ഛായാഗ്രഹണം ഇൗ വീഡിയോയുടെ വിജയത്തിന് ഏറെ പങ്കുവഹിക്കുന്നുണ്ട്. സുനീഷും സുമിത്തുമാണ് സൗണ്ട് എൻജിനീയർമാർ. ചലച്ചിത്രപിന്നണിഗായകൻ എം. ജി. ശ്രീകുമാറിന്റെയും മറ്റ് പ്രശസ്ത ഗായകരുടെയും കൂടെ മറ്റു രണ്ടു ആൽബങ്ങളിൽ കൂടി മധുരിമ പാടിയിട്ടുണ്ട്.
യുഎഇയിൽ നിരവധി സ്റ്റേജ് പരിപാടികളിലും റേഡിയോ, ടി വി പരിപാടികളിലും ശ്രദ്ധേയയായ ഈ യുവ ഗായിക പ്രശസ്ത ഗായകൻ പി.ജയചന്ദ്രന്റെ കൂടെ പാടിയ കൃഷ്ണ ഭക്തിഗാനം പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ്. അമ്മ വീണയിൽ നിന്നാണ് മധുരിമ സംഗീതം അഭ്യസിച്ചത്. ഇളയ സഹോദരി ചിന്മയിയും യുഎഇ സ്റ്റേജുകളിൽ നിറഞ്ഞുനിൽക്കുന്ന കൊച്ചു ഗായികയാണ്.
No comments:
Post a Comment